Society Today
Breaking News

കൊച്ചി: പൂര്‍ണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍) ചേര്‍ന്നാണ് ഈ പേപ്പര്‍ രഹിത ബാങ്ക് ഗ്യാരണ്ടി സൗകര്യം ലഭ്യമാക്കുന്നത്. ഇതോടെ പരമ്പരാഗത ബാങ്ക് ഗ്യാരണ്ടി പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറും. ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തില്‍ ഡിജിറ്റലായി നടക്കും. നിലവില്‍ പിന്തുടരുന്ന ഡോക്യുമെന്റേഷനും ബന്ധപ്പെട്ട പേപ്പര്‍ ജോലികളും പുതിയ സൗകര്യത്തില്‍ ആവശ്യമില്ല. പ്രിന്റ് എടുക്കേണ്ട ആവശ്യവും വരുന്നില്ല. വ്യാപാര, ബിസിനസ് ഇടപാടുകള്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ ഇബാങ്ക് ഗ്യാരണ്ടി ഏറെ സഹായകമാണ്. ഈ സൗകര്യം വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഏകാംഗ സംരംഭങ്ങള്‍ക്കും പങ്കാളിത്ത സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സംഘങ്ങള്‍ക്കുമെല്ലാം ലഭ്യമാണ്. ഇസ്റ്റാമ്പിങ് സൗകര്യം ലഭ്യമായ സംസ്ഥാനങ്ങളിലാണ് നിലവില്‍  ഇബാങ്ക് ഗ്യാരണ്ടി ലഭിക്കുന്നത്.

ഇന്‍സ്റ്റന്റ് മെസേജിങിന്റെ ഈ കാലത്ത് മടുപ്പിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാങ്ക് ഗ്യാരണ്ടികള്‍ കുറിയര്‍ വഴിയോ കയ്യില്‍ നേരിട്ടോ ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരുന്നതിന് ഒരു ന്യായവുമില്ലെന്നും എന്‍ഇഎസ്എല്‍ എംഡിയും സിഇഒയുമായ ദേബജ്യോതി റായ് ചൗധരി പറഞ്ഞു. എന്‍എസ്ഇഎലിന്റെ ഇബിജി പ്ലാറ്റ്‌ഫോമിലൂടെ ഇബാങ്ക് ഗ്യാരണ്ടി ഇപ്പോള്‍ ഉടനടി ലഭിക്കും ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ ഗുണഭോക്താക്കള്‍ക്ക് ഇത് വേഗത്തില്‍ ലഭിക്കുന്നതാണ്. തിരുത്തുകളും റദ്ദാക്കലും മറ്റുമെല്ലാം തടസ്സങ്ങളില്ലാതെ ഡിജിറ്റലായി തന്നെ ചെയ്യാം. ഇത് മുഴുവന്‍ സമയ സേവനമാണ്. ഇബിജി പ്ലാറ്റ്‌ഫോമിലേക്ക് കടന്നുവന്ന ഫെഡറല്‍ ബാങ്ക് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഇതിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതോടെ ബിസിനസ് ഇടപാടുകള്‍ വേഗത്തിലാകുകയും രാജ്യത്തെ കൂടുതല്‍ ബിസിനസ് സൗഹൃദമാക്കി മാറ്റാന്‍ സഹായകമാകുകയും ചെയ്യുമെന്നും ദേബജ്യോതി റായ് ചൗധരി പറഞ്ഞു.

ഡിജിറ്റല്‍ സേവനങ്ങളില്‍ മുന്നില്‍ നില്‍ക്കുക എന്ന ഫെഡറല്‍ ബാങ്കിന്റെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് എന്‍എസ്ഇഎലുമായി ചേര്‍ന്ന് ഇബാങ്ക് ഗ്യാരണ്ടി സേവനം അവതരിപ്പിച്ചിരിക്കുന്നതെന്നും ഈ സംരഭത്തിന്റെ ഭാഗമായതിലും ഈ സേവനം നല്‍കുന്ന ചുരുക്കം ബാങ്കുകളിലൊന്നായതിലും അതിയായ സന്തോഷമുണ്ടെന്നും ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. ഈ സേവനത്തിലൂടെ സമയം ലാഭിക്കാനും തട്ടിപ്പു സാധ്യതകള്‍ ഇല്ലാതാക്കാനും സ്റ്റാമ്പ് ഡ്യൂട്ടി അടവ് ശരിയായ രീതീയില്‍ ഉറപ്പാക്കാനും സാധിക്കുന്നതാണെന്നും ശാലിനി വാര്യര്‍ പറഞ്ഞു.


 

Top